Tuesday, April 5, 2011

മൊബൈല്‍
ഹ്രസ്വചിത്രത്തിന്റെ തിരക്കഥ
തയ്യാറാക്കിയത്-ഗവ:ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂള്‍ ,മഞ്ചേരി.
ടൈറ്റിലുകള്‍ക്കു ശേഷം സ്ക്രീനില്‍ തെളിയുന്നത് ഓടിട്ട ഒരിടത്തരം വീടിന്റെ വിദൂരദൃശ്യം.ആളുകള്‍ ഒറ്റയ്ക്കും കൂട്ടമായും വരികയും പോകുകയും ചെയ്യുന്നുണ്ട്.വീട്ടിലേക്ക് വരിവരിയായി നീങ്ങിക്കൊണ്ടിരിക്കുന്ന യൂണിഫോമിട്ട കുട്ടികള്‍.
വീടിന്റെ ദൃശ്യം നമുക്കിപ്പോള്‍ കൂടുതല്‍ അടുത്തു കാണാം.അവിടവിടെയായി ധാരാളം പേര്‍ കൂടി നില്‍ക്കുന്നുണ്ട്.എല്ലാവരുടെയും മുഖത്ത് ദു:ഖം തളം കെട്ടി നില്‍ക്കുന്നു.വരിവരിയായി നീങ്ങുന്ന കുട്ടീകളില്‍ പലരും ഏങ്ങിയേങ്ങിക്കരയുന്നുണ്ട്.
മുറ്റത്തിട്ടിരിക്കുന്ന കസേരകളില്‍ ഒന്നും മിണ്ടാനാവാതെ യിരിക്കുന്നവര്‍ . തൊടിയിലും ഗേറ്റിനു വെളിയിലും ചെറിയ കൂട്ടങ്ങളായി നിന്ന് ശബ്ദം കുറച്ച് സംസാരിക്കുന്നവര്‍.പലരും സംസാരിക്കുന്നത് പശ്ചാത്തലത്തില്‍ കേള്‍ക്കാം.
----എന്നാലും വല്ലാത്തൊരു ഗതി തന്നെ
----മിടുക്കിയായിരുന്നു.
----എന്തിന്റെയൊരു കുറവായിരുന്നു ഓള്‍ക്ക്
----എല്ലാറ്റിനും വേണം ഒരു യോഗം.
----അധികം ലാളിച്ചാലിങ്ങന്യാ..
ഏതോ മൊബൈലില്‍ നിന്നും ഉയരുന്ന റിംഗ്ടോണ്‍ പശ്ചാത്തലത്തില്‍ കേള്‍ക്കുന്നു.
“..............................
അച്ഛനെയാണെനിക്കിഷ്ടം "
ഇപ്പോള്‍ വീട്ടിനകത്തെ മുറിയില്‍ റിംഗ് ചെയ്തുകൊണ്ടിരിക്കുന്ന മൊബൈല്‍ നമുക്കു കാണാം.അതിനടുത്തുതന്നെ കരഞ്ഞു തളര്‍ന്നിരിക്കുന്ന ഒരു പുരുഷന്‍(അച്ഛന്‍-45 വയസ്സ്).അലസമായ വസ്ത്രധാരണം.റിംഗ്ടോണ്‍ വീണ്ടും ഉയര്‍ന്ന് കേള്‍ക്കുന്നു.അതിനനുസരിച്ച് അച്ഛന്റെ മുഖത്ത് പലപല വികാരങ്ങള്‍ മാറിമാറി വരുന്നു.ഒടുവില്‍ മൊബൈല്‍ വലിച്ചെടുത്ത് ബാധ കേറിയവനെപ്പോലെ
നിലത്തെറിഞ്ഞ് ഉടയ്ക്കുന്നു.നിലത്ത് പൊട്ടിത്തകര്‍ന്ന് കിടക്കുന്ന മൊബൈലിന്റെ
അവശിഷ്ടങ്ങള്‍ വ്യക്തമായി കാണാം.

സീന്‍ 2
അവശിഷ്ടങ്ങള്‍ നമ്മുടെ കാഴ്ചയില്‍നിന്നു മറയുന്നത് ഗേറ്റ് കടന്നു വരുന്ന
അച്ഛനിലേക്ക്....
വീട്ടില്‍നിന്നും അച്ഛന്റെയടുത്തേയ്ക്ക് ഓടിപ്പോകുന്ന മകള്‍-15 വയസ്സ് പ്രായം.
ഓടിച്ചെന്ന് അച്ഛന്റെ കൈയില്‍ തൂങ്ങുന്നു.
.....അച്ഛന്‍ ഞാന്‍ പറഞ്ഞതു വാങ്ങിയോ?
.....മറന്നുപോയി മോളെ
.....അച്ഛന്‍ എപ്പൊഴും ന്നെ പറ്റിക്ക്യാ. ഞാന്‍ എല്ലാ വിഷയത്തിനും A+
വാങ്ങിയില്ലേ?പിന്നെന്താ
സംസാരിച്ചുകൊണ്ട് രണ്ടു പേരും ഉമ്മറത്തെത്തുന്നു.അകത്തുനിന്നും വരുന്ന അമ്മ
-40 വയസ്സ്-
അമ്മ... അച്ഛനെയൊന്ന് വെറുതെ വിട് മോളെ
അച്ഛന്‍..എന്നോടല്ലാതെ മറ്റാരോടാ അവളിങ്ങനെ കളിക്കുക?
അമ്മ... കൊഞ്ചിച്ച് കൊഞ്ചിച്ച് നിങ്ങളാ അവളെയിങ്ങനെ വഷളാക്കുന്നത്.
മകള്‍ അച്ഛന്റെ ഷര്‍ട്ടിന്റെയും പാന്‍റിന്റെയും പോക്കറ്റുകള്‍ തെരയുന്നു.അച്ഛന്‍ ചിരിച്ചുകൊണ്ട് ബാഗില്‍നിന്നും മൊബൈലെടുത്ത് മകള്‍ക്ക് നല്കുന്നു.
.....ഹായ്‌‌‌‌'!നല്ല മൊബൈല്. അച്ഛന്‍ വാക്കു പാലിച്ചല്ലോ.
അവള്‍ അച്ഛനെ തെരുതെരെ ഉമ്മ വെക്കുന്നു.ചിരിച്ചുകൊണ്ട് ഏതോ നമ്പര്‍ ഡയല്‍ ചെയ്യുന്നു.അവളുടെ പ്രവൃത്തി കണ്ട് ചിരിക്കുന്ന അച്ഛനും അമ്മയും.
അമ്മ...അധികം നെഗളിക്കണ്ട.അത്ര നല്ലതല്ല.
മകള്‍.(.മുഖം ചെരിച്ചുകൊണ്ട് ) പിന്നേ.....
സീന്‍ 3
മേശപ്പുറത്ത് നിര്‍ത്തി വെച്ചിരിക്കുന്ന മൊബൈല്‍.പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍
ഓരോന്നായി മുറിയുടെ വിവിധ ഭാഗങ്ങളില്‍ വന്നു വീണുകൊണ്ടിരിക്കുന്നു.പശ്ചാത്തലത്തില്‍ അവളുടെ ചിരി കേള്‍ക്കാം.
മൊബൈല്‍ കയ്യിലെടുക്കുന്ന പെണ്‍കുട്ടി.സ്ക്രീനില്‍ നോക്കി പുഞ്ചിരിക്കുന്ന പെണ്‍കുട്ടി.
മൊബൈലിന്റെ വിവിധ ബട്ടനുകള്‍ അമര്‍ത്തി നോക്കുന്ന പെണ്‍കുട്ടി.സ്ക്രീനില്‍
message sent എന്നു തെളിയുന്നു.പെട്ടെന്ന് അവളുടെ മുഖം മങ്ങുന്നു.
..............അയ്യോ മെസേജ് പോയല്ലോ?ഞാനൊരു തമാശയ്ക്ക്...
മുഖത്ത് പരിഭ്രമം. ചുറ്റും നോക്കി വിവശതയോടെ നില്‍ക്കുന്നു.
അവളുടെ മൊബൈലില്‍ മെസേജിന്റെ ശബ്ദം.തുറന്നു നോക്കുന്നു.ഇടറിയ ശബ്ദത്തില്‍ വായിക്കുന്നു.
..നല്ല മെസേജ്.ഇതുപോലെ ഇനിയും അയച്ചു തരണേ...
മെസേജുകള്‍ വന്നുകൊണ്ടേയിരിക്കുന്നു.അവള്‍ പൊട്ടിപൊട്ടിക്കരയുന്നു.മേശപ്പുറത്തുനിന്നും പേനയെടുത്തെറിയുന്നു.കണ്ടതെല്ലാം വാരിവലിച്ചെറിയുന്നു,അവള്‍ ഒരു ഭ്രാന്തിയെപ്പോലെയാകുന്നു.പൊട്ടിക്കരച്ചില്‍,തേങ്ങലുകളാകുന്നു. ക്രമേണ ശബ്ദം നേര്‍ത്തുനേര്‍ത്തില്ലാതാകുന്നു.
അച്ഛന്റെ കാഴ്ചയിലൂടെ വെള്ള പുതപ്പിച്ച മകളുടെ മൃതശരീരം.ചുറ്റും കരഞ്ഞു തളര്‍ന്നിരിക്കുന്ന അമ്മയും ബന്ധുക്കളും കൂട്ടുകാരികളും...
തകര്‍ന്നു കിടക്കുന്ന മൊബൈല്‍ സാവകാശം സ്ക്രീനില്‍ നിറയുന്നു..നിശ്ചലമാകുന്നു

No comments:

Post a Comment