Tuesday, April 5, 2011

നിറം മായുന്ന സ്വപ്നങ്ങള്‍
മോഹനന്‍.കെ.വി
കോരിച്ചൊരിയുന്ന മഴയെ ശപിച്ചുകൊണ്ട് ഗീതടീച്ചര്‍ വേഗത്തില്‍ നടന്നു. ഒമ്പതരയാകുമ്പോഴേയ്ക്കും സ്കൂളിലെത്തണം.സബ് ജില്ലാതലമത്സരത്തിന് കുട്ടിയെ എത്തിക്കാനുള്ള ചുമതല തനിക്കാണ് തന്നിരിക്കുന്നത്.പുതിയ സ്കൂളില്‍ എത്തിയിട്ടു ഏതാനും ദിവസങ്ങള്‍ മാത്രമെ ആയിട്ടുള്ളു.വീഴ്ച വന്നാല്‍ മോശമാണ്.മഴയ്ക്കു ശക്തി കൂടുകയാണ്.വസ്ത്രങ്ങള്‍ കൂടുതല്‍ കൂടുതല്‍ നനയാന്‍ തുടങ്ങി.കുട കാറ്റില്‍ ഉലയുന്നു.ഏതു മഴയിലും സംരക്ഷണം നല്‍കുമെന്ന പരസ്യവാചകം ഓര്‍ത്തപ്പോള്‍ ടീച്ചര്‍ക്ക് ചിരി പൊട്ടി.

നീതു നേരത്തെതന്നെ എത്തിയിരിക്കുന്നു.ഹോസ്റ്റലില്‍ താമസിക്കുന്ന കുട്ടിയാണ്.ടീച്ചറെ
കണ്ടപ്പോഴേക്കും അവള്‍ ഓടിവന്നു.
"ഗുഡ് മോണിംഗ് ടീച്ചര്‍"
"ഗുഡ് മോണിംഗ്"ടീച്ചര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു."പോവാം" ടീച്ചര്‍ പറഞ്ഞു.
മഴ നോക്കാതെ അവര്‍ പുറപ്പെട്ടു.
ബസ്സില്‍ നല്ല തിരക്ക്.ഒരുവിധം തിരക്കിക്കയറി.പട്ടണത്തിലെത്തിയപ്പോള്‍ സമയം പത്തു മണി.ഓട്ടോയില്‍ കയറി മത്സരം നടക്കുന്ന സ്കൂളിലെത്തി.
"മോള് നന്നായി തയ്യാറായിട്ടുണ്ടല്ലോ?"ടീച്ചര്‍ അന്വേഷിച്ചു.
"ഒരു വിധം"
"ശ്രദ്ധിച്ച് ഉത്തരമെഴുതണം.ഒന്നാംസ്ഥാനം നേടണം.മിടുക്കിയാകണം."
"ശരി,ടീച്ചര്‍"
നീതുവിനെ ഹാളിലിരുത്തി ടീച്ചര്‍ പുറത്തിറങ്ങി.
പുറത്ത് മഴയുടെ ശക്തി ഒന്നു കുറഞ്ഞിരിക്കുന്നു.പുതിയ ആളായതുകൊണ്ടാകാം പരിചയക്കാരായ അദ്ധ്യാപകര്‍ ആരുംതന്നെയില്ല.കാന്‍റീനില്‍ പോയി ഒരു ചായ കഴിക്കാം.
കാന്‍റീനില്‍ നല്ല തിരക്കുണ്ടായിരുന്നു.ചായക്ക് ഓര്‍ഡര്‍ നല്‍കിയിരിക്കുമ്പോള്‍ വീട്ടിലെ കാര്യങ്ങള്‍ ഓര്‍മയിലെത്തി.
മോനിന്നെന്തൊരു വാശിയായിരുന്നു.അവനിന്ന് എഴുന്നേറ്റതുതന്നെ എട്ടു മണിക്കാണ്.ഹോംവര്‍ക്ക് ചെയ്യാന്‍ ബാക്കിയായതിന്റെ ദേഷ്യം വേറെ. ഒമ്പതാംക്ലാസ്സുകാരനാണെന്നു പറഞ്ഞിട്ടെന്താ കാര്യം.ഒന്നിനും ഒരു ശ്രദ്ധയുമില്ല.
സി.ബി.എസ്.ഇ യിലായതിന്റെ ഒരു ഗുണവും അവന്‍ കാണിക്കുന്നില്ല.പണച്ചെലവിനാണെങ്കില്‍ ഒരു കുറവുമില്ല.അങ്ങേര്‍ക്കാണെങ്കില്‍ ഇതൊന്നും
ശ്രദ്ധിക്കാന്‍ സമയമില്ല.സദാസമയവും സംഘടനയും രാഷ്ട്രീയവും മാത്രം.ചിന്തകള്‍ കാടു
കയറുന്നതിനു മുമ്പെ ചായയെത്തി.ചുടുചായ കഴിച്ചപ്പോള്‍ ഒരാശ്വാസം തോന്നി.ടീച്ചര്‍ വാച്ച്
നോക്കി.ഇനിയും ഒരു മണിക്കൂര്‍ കൂടിയുണ്ട്.ആരോടെങ്കിലും സംസാരിച്ചിരിക്കാം.അവര്‍ ഹാളിനടുത്തേയ്ക്കു നീങ്ങി.
ഒറ്റയ്ക്കിരിക്കുന്ന ഒരദ്ധ്യാപികയുടെ അടുത്തേക്ക് ടീച്ചര്‍ നടന്നു.ഏതോ സംഘര്‍ഷം അനുഭവിക്കുന്നുണ്ടെന്ന് അവരുടെ മുഖഭാവം വിളിച്ചു പറയുന്നുണ്ട്.
"ടീച്ചര്‍ ഏതു സ്കൂളിലാ"
"......................"
മുഖഭാവം ശരിയാക്കാന്‍ ശ്രമിച്ചുകൊണ്ട് അവര്‍ സ്കൂളിന്റെ പേരു പറഞ്ഞു.
"എന്താണൊരു വല്ലായ്ക?തലവേദനയുണ്ടോ?"
"എന്റെ മകന്‍ ഈ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്.ഇന്നലെ രാത്രി അവനെ വേണ്ട മാതിരി
സഹായിക്കാന്‍ കഴിഞ്ഞില്ല.എന്താകുമോ ആവോ?അതോര്‍ത്താണ് എനിക്കു വിഷമം."
പിന്നെ പലതും സംസാരിച്ചു.നേരം പോയതറിഞ്ഞില്ല.
ഹാളില്‍ നിന്ന് കൈയടി ഉയര്‍ന്നപ്പോളാണ് സമയത്തെക്കുറിച്ച് ധാരണയുണ്ടായത്.
ചെന്നപ്പോഴേയ്ക്കും സമ്മാനദാനത്തിനുള്ള ഒരുക്കങ്ങളായിരിക്കുന്നു.
"ഒന്നാംസ്ഥാനം നീതു.പി...............സ്കൂള്‍"
സമ്മാനം വാങ്ങിയ നീതു തന്റെയടുത്തേയ്ക്ക് ഓടി വന്നപ്പോഴും ഗീതടീച്ചര്‍ക്ക് തന്റെ കണ്ണുകളെ
വിശ്വസിക്കാന്‍ കഴിഞ്ഞില്ല.
"വെരിഗുഡ്." ടീച്ചര്‍ അവളെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു.മകന് സമ്മാനം ലഭിക്കാത്തതുകൊണ്ട് തന്നെയും നീതുവിനെയും ദേഷ്യത്തോടെ നോക്കുന്ന അദ്ധ്യാപികയെ ഗീതടീച്ചര്‍ കണ്ടു.ഡി.ഇ.ഒ തന്നെ പ്രത്യേകം വിളിച്ചു പരിചയപ്പെട്ടപ്പോള്‍ വല്ലാത്ത അഭിമാനം
തോന്നി.
നീതുവിനെയും കൊണ്ട് നടന്നു നിരവധി കണ്ണുകള്‍ തന്നെ പിന്‍തുടരുന്നതായി ഗീതടീച്ചര്‍ക്കു
അനുഭവപ്പെട്ടു.
സ്കൂളിലെത്തിയപ്പോള്‍ നീതു തനിക്കു സമ്മാനമായി ലഭിച്ച പുസ്തകം ഗീതടീച്ചറെ ഏല്‍പ്പിച്ചു.
'അഗ്നിച്ചിറകുകള്‍' നല്ല പുസ്തകം."നീതു കൊണ്ടുപോയി വീട്ടിലെ ലൈബ്രറിയില്‍ സൂക്ഷിച്ചോളൂ."
"ഞാനോ? എനിക്കു വീടില്ലല്ലോ ടീച്ചറേ!"
പെട്ടെന്ന് അവളുടെ മുഖഭാവം മാറിയത് ഗീതടീച്ചര്‍ ശ്രദ്ധിച്ചു.
"അപ്പോള്‍ അച്ഛനുനുമമ്മയും?
"ആരാണെന്നെനിക്കറിയില്ല.അതുകൊണ്ടല്ലേ ഞാന്‍ ഹോസ്റ്റലില്‍ കഴിയുന്നത്?"അതും പറഞ്ഞ് അവള്‍ നടന്നു നീങ്ങി.
നടന്നകലുന്ന നീതുവിനെ നോക്കി ടീച്ചര്‍ അനങ്ങാനാവാതെ നിന്നു.മനസ്സില്‍ സ്വന്തം മകന്റെയും നോട്ടംകൊണ്ടു ദഹിപ്പിച്ച അദ്ധ്യാപികയുടെയും മുഖഭാവങ്ങള്‍ക്കൊപ്പം നീതുവിന്റെ
ചിരിക്കുന്ന മുഖവും തെളിഞ്ഞു നിന്നു.

No comments:

Post a Comment